Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
നീതിപീഠത്തിന്റെ വിശ്വാസ്യത തകരാന്‍ അനുവദിക്കരുത്

ഇന്ത്യന്‍ ജുഡീഷ്യറിയുടെ നീതിബോധവും ജനങ്ങളോടും ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള പ്രതിബദ്ധതയും എന്നും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ആ ഔന്നത്യത്തിനും വിശ്വാസ്യതയ്ക്കും അനുഗുണമായ നടപടികളാണ് കോടതികളുടെ ഭാഗത്തുനിന്നും എക്കാലവും ഉണ്ടായിട്ടുള്ളത്. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് ഇതിനപവാദമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. അതാകട്ടെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് ആന്ധ്രപ്രദേശിലെ അഞ്ചു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്ത സംഭവം ഇത്തരമൊരു ഷോക്കാണ് നല്‍കിയത്.

വാറംഗലിലെ കാകതീയ സര്‍വകാലാശാലാ ആര്‍ട്സ് കോളജിലെ പരീക്ഷാഹാളില്‍ കഴിഞ്ഞ 24ന് നടന്ന ആദ്യവര്‍ഷ എല്‍എല്‍എം പരീക്ഷാവേളയിലാണ് ജഡ്ജിമാര്‍ പിടിയിലായത്. പരീക്ഷാഹാളില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ അഡീഷണല്‍ പരീക്ഷാ കണ്‍ട്രോളറും സംഘവുമാണ് കോപ്പിയടി കണ്െടത്തിയത്. കോപ്പിയടിരംഗങ്ങള്‍ സംഘം കാമറയില്‍ പകര്‍ത്തുകയും ചെയ്തു. അതിനാല്‍ തെളിവില്ലെന്നു പറഞ്ഞ് കേസ് ഊരിയെടുക്കാനും സാധിക്കില്ല. കോപ്പിയടി രംഗങ്ങള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഉത്തരക്കടലാസിനടിയില്‍ നിയമപുസ്തകം വച്ചാണ് ഒരു ജഡ്ജി പരീക്ഷ എഴുതിക്കൊണ്ടിരുന്നത്. മറ്റുള്ളവര്‍ പുസ്തകം മൊത്തത്തോടെ കൊണ്ടുവരാന്‍ മെനക്കെട്ടില്ല. ടെക്സ്റ് ബുക്കിലെ കടലാസുകള്‍ കീറിയെടുത്തും തുണ്ടുകടലാസുകളില്‍ കുറിച്ചുമാണ് അവര്‍ കോപ്പിയടിക്കാന്‍ തയാറായി വന്നത്.

പ്രഥമദൃഷ്ട്യാതന്നെ കുറ്റക്കാരെന്നു കണ്ട ഇവര്‍ക്ക് സര്‍വീസില്‍നിന്നു പുറത്താക്കലില്‍ കുറഞ്ഞൊരു ശിക്ഷയുടെ ആവശ്യമില്ല. നീതിന്യായ സംവിധാനത്തിന്റെ പാവനത നിലനിര്‍ത്താന്‍ അതേ മതിയാവൂ. ഏതായാലും ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റീസ് മുഹമ്മദ് കക്രു ഇവരെ അഞ്ചുപേരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയാണുണ്ടായത്. മുടക്കാന്‍ ലക്ഷങ്ങളും വാദിക്കാന്‍ സമര്‍ഥനായ ഒരു അഭിഭാഷകനും ഉണ്െടങ്കില്‍ ഏതു നിയമക്കുരുക്കില്‍നിന്നും രക്ഷപ്പെടാനാവുമെന്ന പഴഞ്ചൊല്ലുള്ളൊരു നാട്ടില്‍ അന്വേഷണത്തിനുശേഷം ഇവര്‍ വീണ്ടും നീതിയുടെ പീഠത്തില്‍ അവരോധിക്കപ്പെടുമോ എന്നും സംശയിക്കുന്നവരുമുണ്ട്. ഏതായാലും ഏതു കുറ്റവാളിക്കും സംശയത്തിന്റെ ആനുകൂല്യം നല്‍കണമെന്ന നീതിസൂക്തം ഇവിടെയും പ്രാവര്‍ത്തികമാക്കണമല്ലോ.

ആന്ധ്രയിലെ അഞ്ചു ജഡ്ജിമാരുടെ കോപ്പിയടി നമ്മുടെ പൊതുജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലുമുള്ള മൂല്യച്യുതിയുടെയും ഏതു കുടില തന്ത്രങ്ങളിലൂടെയും ഉയരങ്ങള്‍ താണ്ടാനുള്ള അദമ്യമായ മോഹത്തിന്റെയും, ഏതു വളഞ്ഞ വഴിയിലൂടെയും കാര്യങ്ങള്‍ നേടാനുള്ള അതിസാമര്‍ഥ്യത്തിന്റെയും പ്രതിഫലനമാണ്. ജില്ലാ ജഡ്ജിമാരായ ഇവര്‍ അഞ്ചുപേരും സ്ഥാനക്കയറ്റവും ശമ്പളക്കൂടുതലും ആഗ്രഹിച്ചാണ് നിയമത്തില്‍ ബിരുദാനന്തരബിരുദം എടുക്കാന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നത്. ഒരുപക്ഷേ ഒരു മിന്നല്‍പരിശോധന നടന്നില്ലായിരുന്നുവെങ്കില്‍ ഇവര്‍ പുസ്തകം നോക്കി പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്കുവാങ്ങി അധികം വൈകാതെ കൂടുതല്‍ ഉയര്‍ന്ന ന്യായാധിപ സ്ഥാനങ്ങളിലെത്തുമായിരുന്നു.

ഒരു ന്യായാധിപന്‍ നിയമത്തിന്റെ തലനാരിഴകള്‍ പരിശോധിക്കുന്നതോടൊപ്പംതന്നെ ന്യായത്തിന്റെയും നീതിയുടെയും മൂല്യത്തിന്റെയുമൊക്കെ സംരക്ഷകന്‍ കൂടിയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിവാക്യം നീതിന്യായ നടത്തിപ്പിലെ സൂക്ഷ്മതയും സുതാര്യതയുമാണു വ്യക്തമാക്കുന്നത്. സ്വയം നീതിലംഘനം നടത്തിയ ഒരു ന്യായാധിപന് എങ്ങനെ മറ്റുള്ളവരോടു നീതി പുലര്‍ത്താനാവും. സ്വന്തം കാര്യത്തില്‍ ഒരു നീതിബോധവും മറ്റുള്ളവരുടെ കാര്യത്തില്‍ വേറൊന്നും എന്ന നിലപാട് സ്വീകരിക്കുന്ന ന്യായാധിപന് എങ്ങനെ നീതിയുടെ തുലാസില്‍ തുല്യത കാണാനാവും.

ഇന്ത്യയെപ്പോലെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മുന്തിയ പ്രാധാന്യം കൊടുക്കുന്ന, പൌരന്റെ മൌലികാവകാശങ്ങള്‍ക്കും തുല്യതയ്ക്കും മറ്റെന്തിനേയുംകാള്‍ പ്രാമുഖ്യം കല്പിക്കുന്ന വ്യവസ്ഥിതിയില്‍ ജുഡീഷ്യറിക്കും എക്സിക്യൂട്ടീവിനും നിയമനിര്‍മാണസഭയ്ക്കുമൊക്കെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഭരണത്തിലെത്തുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ ഇതു ബാധകമാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ നില ഇതിലും ഒരുപടികൂടി ഉയര്‍ന്നതാണ്. നിഷ്പക്ഷതയ്ക്കും നീതിബോധത്തിനും പേരുകേട്ട ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അതിന്റെ മഹത്വം പലതവണ ഉയര്‍ത്തിക്കാട്ടിയിട്ടുമുണ്ട്. പ്രതിസന്ധികളെയും സമ്മര്‍ദങ്ങളെയുമൊക്കെ അതിജീവിച്ചാണ് ഇന്ത്യന്‍ ജുഡീഷ്യറി ഈ സത്പേര് സമ്പാദിച്ചത്. അതിനു കളങ്കം സൃഷ്ടിക്കുന്നവരെ വേരോടെ പിഴുതുമാറ്റിയെങ്കില്‍ മാത്രമേ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ അന്തസും അഭിമാനവും സംരക്ഷിക്കാനാവൂ.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കര്‍ണാടക ചീഫ് ജസ്റീസ് പി.ഡി. ദിനകരന്‍ ഈയിടെ ആരോപണവിധേയനായിരുന്നു. ഇദ്ദേഹത്തിനെതിരേ അഭിഭാഷകര്‍ കോടതിയില്‍ മുദ്രാവാക്യം വിളിക്കുകയും കോടതി നടപടികള്‍ ബഹിഷ്കരിക്കുകയും ചെയ്തു. ജഡ്ജിമാര്‍ക്കു നേരേ ഒരു വിഭാഗം അഭിഭാഷകര്‍ പുസ്തകങ്ങള്‍ വലിച്ചെറിയുകയും ചേംബറിനുള്ളില്‍ കടന്ന് കൈയേറ്റം ചെയ്യുകയുമുണ്ടായി. സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്ന ജസ്റീസ് ദിനകരന് ആ അവസരം കൊളീജിയം നിഷേധിച്ചു. ചീഫ് ജസ്റീസിന്റെ അഭിപ്രായങ്ങളെപോലും പരസ്യമായി വിമര്‍ശിച്ച സംഭവങ്ങളും ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.

വളരെ വിശാലമായൊരു ജനാധിപത്യ രാജ്യത്ത് വിപുലമായൊരു നീതിന്യായ സംവിധാനത്തില്‍ ഇത്തരം ചില സംഭവങ്ങള്‍ സ്വാഭാവികമാണെങ്കിലും അവ ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്കും സത്്പേരിനുമുണ്ടാക്കുന്ന കളങ്കം വളരെ വലുതാണ്. പല പ്രതിസന്ധിഘട്ടങ്ങളിലും സമൂഹത്തിനു തുണയാകേണ്ട ജുഡീഷ്യറിയുടെ സുതാര്യതയ്ക്കും നിഷ്പക്ഷതയ്ക്കും നീതിബോധത്തിനും കോട്ടംതട്ടുന്ന തൊന്നും ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടാകുന്ന സംഭവങ്ങളില്‍ സത്വരം യാഥാര്‍ഥ്യം കണ്െടത്തി ശക്തമായ നടപടികള്‍ കൈക്കൊള്ളണം.

Reported by Deepika
28th August 2010 09:40:40 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS