Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
തീവെട്ടിക്കൊള്ളയ്ക്ക് അറുതി വരുത്തണം

ജീവിതത്തിലെ അവസാന അത്താണിയാണു ഭാഗ്യക്കുറിയെന്നു കരുതുന്ന എത്രയോ പേരുണ്ട്, കേരളത്തില്‍. ഭാഗ്യം തേടിയലയുന്ന ആ നിര്‍ഭാഗ്യവാന്മാരെ കബളിപ്പിക്കാന്‍ എത്രയെത്ര വഴികള്‍! കേരളത്തിലെ പട്ടിണിപ്പാവങ്ങളില്‍ നിന്ന് അന്യസംസ്ഥാന ലോട്ടറികള്‍ തട്ടിയെടുക്കുന്ന കോടികള്‍ക്കു കണക്കില്ല; ആ തട്ടിപ്പിനു തടയിടാന്‍ ഫലപ്രദമായ നടപടിയുമില്ല.

കൊടുംചതിയുടെ വഴിക്കണക്കുകളില്‍ എന്നും വിജയം എത്തിപ്പിടിക്കുന്ന ലോട്ടറി സംഘങ്ങളുടെ കറുത്ത താവളങ്ങളിലേക്കുള്ള സാഹസിക യാത്രയായിരുന്നു മലയാള മനോരമ പ്രസിദ്ധീകരിച്ച ’ദുര്‍ഭാഗ്യം അന്വേഷണ പരമ്പര. ലോട്ടറിയുടെ ഉറവിടങ്ങളിലെ ഭരണസംവിധാനങ്ങളെയും അവ വില്‍ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളെയും   നോക്കുകുത്തികളാക്കി, നാടിന്റെ സമ്പദ്ഘടനയെ കാര്‍ന്നുതിന്നുന്ന കാഴ്ചയിലേക്കാണു പരമ്പര വെളിച്ചംവീശിയത്.

അന്യസംസ്ഥാന ലോട്ടറികള്‍ കുടിശിക വരുത്തിയ 5000 കോടിരൂപ പിരിച്ചെടുക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാരിന് ഇപ്പോഴത്തെ അവസ്ഥയില്‍ നാണം തോന്നുന്നില്ലെങ്കില്‍ അതും ഈ നാടിന്റെ നിര്‍ഭാഗ്യം. ബോണ്ട് എന്ന പേരില്‍ രണ്ടുകോടി രൂപ നല്‍കി പാര്‍ട്ടിപ്പത്രത്തിന്റെ തോളില്‍ കയ്യിട്ട സാന്റിയാഗോ മാര്‍ട്ടിനെ തൊടാന്‍ സര്‍ക്കാരും പാര്‍ട്ടിയും ഭയക്കുന്നുവെന്നല്ലേ ഇതില്‍നിന്നു മനസ്സിലാക്കിയെടുക്കേണ്ടത്?

മുന്‍കൂര്‍ നികുതിയടയ്ക്കാത്ത ആറുകോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളുമായി മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ലോറി കേരള അതിര്‍ത്തികടന്നതു    വാണിജ്യനികുതി വകുപ്പറിഞ്ഞതു തിരുവോണത്തലേന്നാണ്. ഒാണക്കച്ചവടം പൊടിപൊടിക്കാന്‍ എത്ര ലോറികള്‍ അതിനുമുന്‍പു കേരളത്തിലെത്തിയെന്നു സര്‍ക്കാരിനറിയില്ല. തിരുവോണനാളിലും തൊട്ടടുത്ത ദിവസങ്ങളിലും കേരളത്തില്‍ ചൂടപ്പം പോലെ വിറ്റ ടിക്കറ്റുകള്‍ ’അഴിമതിരഹിത വാളയാറിലൂടെയല്ലേ അതിര്‍ത്തി കടന്നത്?

വഞ്ചിക്കപ്പെട്ടതു സര്‍ക്കാര്‍ മാത്രമല്ല, ലോട്ടറിയെടുത്ത ആയിരക്കണക്കിനു സാധാരണക്കാരുമാണ്. ലോട്ടറി നടത്തിപ്പിലെ തട്ടിപ്പുകള്‍ക്കെതിരെ തിരുവോണ സന്ദേശത്തില്‍ മുഖ്യമന്ത്രി വാചാലനാകുമ്പോള്‍ ലോട്ടറി ലോറികള്‍ കേരളത്തിന്റെ അതിര്‍ത്തി കടക്കുകയായിരുന്നില്ലേ? നറുക്കെടുപ്പ് എവിടെയാണെന്നുപോലും അറിയില്ലെന്നു സംസ്ഥാന ധനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി ചാനലില്‍ ലൈവായി കാണിക്കുന്നെങ്കിലും നറുക്കെടുപ്പിന്റെ കാര്യത്തിലും സമ്മാനങ്ങളുടെ കാര്യത്തിലും സുതാര്യത ഇല്ലാതിരിക്കുന്നതു ജനങ്ങളോടുള്ള വഞ്ചന തന്നെയല്ലേ? ഇതുപോലൊരു തീവെട്ടിക്കൊള്ള നടത്താന്‍ ഇവര്‍ക്കു കരുത്തുനല്‍കിയത് ആരാണ്?

നിയമലംഘനം നടത്തുന്ന അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു മാത്രമാണ്. പക്ഷേ, നിയമലംഘനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ തെളിവുസഹിതം ബോധ്യപ്പെടുത്തിയാലേ കേന്ദ്രത്തിനു തങ്ങളില്‍ നിക്ഷിപ്തമായ അധികാരം നിറവേറ്റാനാകൂ എന്നുകൂടി ലോട്ടറി നിയന്ത്രണ ചട്ടത്തിലുണ്ട്. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പില്‍ ചട്ടലംഘനങ്ങളുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കുന്നു. ചട്ടലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കേസെടുക്കാനും വാറന്റോടു കൂടി പരിശോധന നടത്താനും 2009 നവംബറില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതി അനുവാദം നല്‍കിയിട്ടുമുണ്ട്. എന്നിട്ടും നടപടികളിലേക്കു നീങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നതെന്തിന് എന്നാണു ജനം ചോദിക്കുന്നത്. അതിനുമുന്‍പത്തെ കോടതിവിധികളെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ തുടരെ പറയുമ്പോഴും നവംബറിലെ ഈ വിധി അറിഞ്ഞതായി നടിക്കുന്നില്ല.

അന്യസംസ്ഥാന ലോട്ടറിക്കാര്‍ പ്രതിദിനം കേരളത്തിലെ പാവപ്പെട്ടവരില്‍ നിന്നു kകവരുന്നത് 22.6 കോടി രൂപയാണെന്നു 2006ല്‍ കണ്ടെത്തിയത് ഈ സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയ വിജിലന്‍സ് അഡീഷനല്‍ ഡിജിപി സിബി മാത്യൂസാണ്. ഇന്ന് ആ പ്രതിദിന തുക 40 കോടിയിലേക്കു വളര്‍ന്നിരിക്കണം. അതേസമയം, കേരള സര്‍ക്കാര്‍ ലോട്ടറിയിലൂടെ കഴിഞ്ഞ വര്‍ഷം ആകെ ലഭിച്ചത് 637 കോടിയാണെന്നോര്‍ക്കണം. അതായതു പ്രതിദിനം ഏകദേശം ഒന്നേമുക്കാല്‍ കോടി മാത്രം.

സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറിക്കാരെ തളയ്ക്കാന്‍ സര്‍ക്കാര്‍ കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ടോ? അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പൂര്‍ണമായി നിര്‍വഹിക്കാതെ, ലോട്ടറി നിരോധനം കേന്ദ്രവിഷയമാണെന്നു പറയുന്നതു കൌശലംനിറഞ്ഞ കൈകഴുകല്‍ തന്നെയാണ്. ലോട്ടറിക്കേസില്‍ ലോട്ടറി നടത്തിപ്പുകാര്‍ സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകരെ അണിനിരത്തിയപ്പോള്‍ സര്‍ക്കാരിനു വേണ്ടി വാദിച്ചത് ഒരു ഗവ. പ്ളീഡര്‍. അദ്ദേഹമാവട്ടെ, മുന്‍ സര്‍ക്കാരിന്റെ കാലത്തു ലോട്ടറി നടത്തിപ്പുകാര്‍ക്കു വേണ്ടി ഹാജരായിരുന്ന വ്യക്തിയും. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളം തോറ്റതു 32 ലോട്ടറി കേസുകളിലാണ്. ഇതൊക്കെ യാദൃച്ഛികമാണോ?

അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനവും വഞ്ചനയും തെളിവുസഹിതം കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട്, നിയമലംഘനങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നുള്ള സംസ്ഥാന ലോട്ടറി ഡയറക്ടറുടെ കത്ത്, തട്ടിപ്പുകള്‍ സ്ഥിരീകരിച്ചുകൊണ്ടുള്ള നികുതിവകുപ്പു സെക്രട്ടറിയുടെ കത്ത്് - ഇതെല്ലാമുണ്ടായത് ഇൌ സര്‍ക്കാരിന്റെ കാലത്താണ്. എന്നിട്ടും എന്തുകൊണ്ടു നികുതി അടയ്ക്കാത്ത ലോട്ടറി കേരളത്തില്‍ വ്യാപകമായി വിറ്റഴിഞ്ഞു?

കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ ഒാരോന്നും അന്യസംസ്ഥാന ലോട്ടറികള്‍ എങ്ങനെയാണു ലംഘിക്കുന്നതെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ളപ്പോള്‍ ഇൌ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നില്ലെന്നതു ഗൌരവപൂര്‍വം കാണേണ്ട കാര്യംതന്നെ. അന്യസംസ്ഥാന ലോട്ടറി പിടിമുറുക്കിയിരിക്കുന്ന മറ്റൊരു സംസ്ഥാനം സിപിഎം ഭരിക്കുന്ന ബംഗാളാണെന്നതും രണ്ടിടത്തും ലോട്ടറിയുടെ പ്രമോട്ടര്‍മാരും വിതരണക്കാരും ഒരേ ഉടമസ്ഥതയിലോ പങ്കാളിത്തത്തിലോ ബന്ധത്തിലോ ഉള്ള ഏജന്‍സികളാണെന്നതുംകൂടി ഇതിനോടെല്ലാം ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു.

ഭാഗ്യത്തിന്റെ പേരില്‍ തട്ടിപ്പിനിരയായി കുത്തുപാളയെടുക്കേണ്ടിവരുന്നവരുടെ നിര ഇനിയും വലുതായിക്കൂടാ. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിലെ ക്രമക്കേടുകള്‍ സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും കേന്ദ്രത്തെയും തെളിവുകള്‍ സഹിതം ധരിപ്പിക്കണം. പഴി തീര്‍ക്കാന്‍ ഒരു കത്തെഴുതിയതു കൊണ്ടായില്ല, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ഇടപെടലിലൂടെ മാത്രമേ ഈ ജനവഞ്ചന അവസാനിപ്പിക്കാനാവൂ. ഇത്തരം തട്ടിപ്പു ലോട്ടറികള്‍ നിരോധിച്ചും സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന ലോട്ടറികളെ പ്രോത്സാഹിപ്പിച്ചുമുള്ള നിയമനിര്‍മാണത്തിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സഹകരിച്ചുകൂടേ? ഭാഗ്യം തേടിയലയുന്ന പാവപ്പെട്ടവരുടെ ജീവിതം, നറുക്കെടുത്തു കഴിഞ്ഞ ലോട്ടറി ടിക്കറ്റ് പോലെ വ്യര്‍ഥമായിത്തീരാനുള്ളതല്ല.

Reported by Manorama
28th August 2010 09:35:05 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS