Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
രോഗനിര്‍ണയമായി; ഇനി വേണ്ടത് ചികിത്സ

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞത് ഒരേസമയം രാജ്യതന്ത്രജ്ഞന്റെ വിവേകപൂര്‍ണമായ വിലയിരുത്തലും ഒപ്പം കുറ്റസമ്മതവുമാണ്. രാജ്യത്ത് പണക്കാരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചതിനാല്‍ കുറ്റകൃത്യങ്ങള്‍ പെരുകി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 2003 മുതല്‍ ഇന്ത്യയുടെ സമ്പദ്ഘടന വന്‍ വളര്‍ച്ചയിലാണ്. അതേസമയം, അഞ്ചു വയസ്സിനു താഴെയുള്ളവരിലടക്കം പട്ടിണി വര്‍ധിക്കുന്നു-ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങള്‍ അക്കാര്യത്തില്‍ നമ്മെക്കാള്‍ മെച്ചമാണ്. അടുത്തകാലത്ത് പുറത്തുവന്ന കണക്കുകള്‍ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ തീവ്രത വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയിലെ അമ്പതോളം ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്ത് 2008ല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ (ജി.ഡി.പി) 31 ശതമാനം വരും. (49 ഇന്ത്യന്‍ ബില്യണയര്‍മാരുടെ ആകെ സ്വത്ത് 3,41,000 കോടി ഡോളറാണ്). ജി.ഡി.പിയിലെ ഈ മേധാവിത്വം അമേരിക്കന്‍ ബില്യണയര്‍മാരുടേതിന്റെ മൂന്നിരട്ടിയും ചൈനയിലേതിന്റെ പത്തിരട്ടിയുമാണ്. അതായത് പ്രഖ്യാപിത മുതലാളിത്ത, കമ്യൂണിസ്റ്റ് രാജ്യങ്ങളെ ഒരുപോലെ പിന്തള്ളിയാണ് ഇന്ത്യയിലെ അസമത്വം കൂടിക്കൂടി വരുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ മാത്രം 60 ലക്ഷം പരമദരിദ്രര്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്നത്, 'ലോക നിലവാര'മുള്ള ധനികരുടെ മൂക്കിന്‍ചുവട്ടിലാണ്. മൊത്തം ഇന്ത്യക്കാരുടെ 37.2 ശതമാനം പട്ടിണിക്കാരാണെന്ന് പുതിയ കണക്കുകള്‍ പറയുന്നു. 2004-05നെ അപേക്ഷിച്ച് 11 കോടി ആളുകളെ ദരിദ്രരുടെ പട്ടികയില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദാരിദ്ര്യ നിര്‍ണയത്തിന്റെ മാനദണ്ഡങ്ങളില്‍ വന്ന മാറ്റം ഈ വര്‍ധനക്ക് ഒരു കാരണമാണെങ്കിലും ദാരിദ്ര്യം വളരുക തന്നെയാണ്. കോടീശ്വരന്മാരുടെ എണ്ണത്തോടൊപ്പം ദരിദ്ര ലക്ഷങ്ങളും പെരുകുന്നു. അതിസമ്പന്നരായ മുപ്പതോളം കുടുംബങ്ങളുടെ സ്വത്ത് കിഴിച്ചാല്‍ ഇന്ത്യയുടെ ജി.ഡി.പി 7.9ല്‍നിന്ന് ആറ് ശതമാനമായി കൂപ്പുകുത്തും. 115 കോടി ജനങ്ങളുള്ള രാജ്യത്താണ് നൂറോളം പേരുടെ സ്വത്തിന് ഇത്ര കനം വരുന്നത്.

അസമത്വമാണ് നാട്ടില്‍ വളര്‍ന്നുവരുന്ന കുറ്റകൃത്യങ്ങളുടെ ഉറവിടമെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം വളരെ ശരിയാണ്. ഇവിടെയാണ് അദ്ദേഹം പറഞ്ഞതിന് ഒരു കുറ്റസമ്മതത്തിന്റെ സ്വഭാവം വരുന്നത്. 1991ല്‍ തുടങ്ങിവെച്ച നവസാമ്പത്തികക്രമം പണക്കാര്‍ക്കു മാത്രമാണ് പ്രയോജനപ്പെട്ടത് എന്നുകൂടിയാണല്ലോ ഇതിനര്‍ഥം. ഉദാരീകരണം, സ്വകാര്യവത്കരണം, ആഗോളീകരണം എന്നിവ മുഖേന നടന്ന 'വികസന ധനതന്ത്ര'ത്തിന്റെ മുഖ്യ വക്താവും പ്രയോക്താവുമാണ് മന്‍മോഹന്‍സിങ്. നരസിംഹറാവുവിനു കീഴില്‍ ധനമന്ത്രിയെന്ന നിലക്ക് അദ്ദേഹം ഇന്ത്യന്‍ സമ്പദ്‌രംഗത്തെ മാറ്റിപ്പണിതു. കേവലമായ വളര്‍ച്ച ലക്ഷ്യമിട്ട ഈ പുതുതന്ത്രം വന്‍ശക്തികള്‍ക്കും സമ്പന്നര്‍ക്കും അനുകൂല സാഹചര്യമൊരുക്കി. അവരെ നിയന്ത്രിക്കേണ്ട ഭരണകൂടമോ അവരുടെ ഏജന്റായി. കഴിഞ്ഞ മാസം ദേശീയ വികസന സമിതി യോഗത്തില്‍ മന്‍മോഹന്‍സിങ്ങിന് ഏറ്റുപറയേണ്ടി വന്നു -കേവല വളര്‍ച്ചയല്ല, എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചയാണ് വേണ്ടതെന്ന്. മുതലാളിത്ത വികസനത്തെ പൂജിച്ച് പൂജിച്ച് നമ്മുടെ പാര്‍ലമെന്റെ് പോലും അതിന്റെ കാവല്‍പ്പുരയായിരിക്കുന്നു. മന്‍മോഹന്‍ മന്ത്രിസഭയിലെ 47 മന്ത്രിമാര്‍ ഒരു കോടി രൂപയിലേറെ വീതം ആസ്തിയുള്ളവരാണ്. ഒരു എന്‍.സി.പി എം.പിയുടെ സ്വത്ത് 90 കോടിയോളം വരും. അതിസമ്പന്നരായ 10 കേന്ദ്രമന്ത്രിമാരില്‍ എട്ടും മന്‍മോഹന്‍സിങ്ങിന്റെ പാര്‍ട്ടിക്കാരാണ്. ലോക്‌സഭയിലെ 315 അംഗങ്ങള്‍ ദശലക്ഷങ്ങള്‍ക്കുടമകളാണ്. രാജ്യസഭയിലേക്ക് പുതുതായി വന്ന 54 അംഗങ്ങളില്‍ 43 പേരുടെ ശരാശരി സ്വത്ത് 25 കോടി രൂപയിലേറെ വരും. ഇത്തരം സാമാജികരും മന്ത്രിമാരും ഭരിക്കുമ്പോള്‍ ദരിദ്രരെ മറക്കും. അതുകൊണ്ടാണ് എം.പിമാര്‍ക്ക് ഒരുലക്ഷത്തിലേറെ  മാസവരുമാനം കിട്ടിയാലും തികയാത്തതും അക്കാര്യം പരസ്യമായി പറയാന്‍ മടിക്കാത്തതും. അതുകൊണ്ടു തന്നെയാണ് നിയമനിര്‍മാണങ്ങളെല്ലാം സമ്പന്നര്‍ക്കുവേണ്ടി മാത്രമായിപ്പോകുന്നത്.

നാട്ടിലെ അസ്വസ്ഥതകളുടെയും കുറ്റകൃത്യങ്ങളുടെയും മുഖ്യ കാരണം പ്രധാനമന്ത്രി പറഞ്ഞതു തന്നെയാണ്. അസമത്വവും അനീതിയും നാടാകെ പടര്‍ന്നിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കാരണങ്ങളെയല്ല ഭരണകര്‍ത്താക്കള്‍ ചികിത്സിക്കുന്നത്. മറിച്ച്, അവയുടെ ലക്ഷണങ്ങളായ അക്രമങ്ങളെയും പ്രതിഷേധങ്ങളെയുമാണ്. ഇത്രയും വ്യക്തമാണെങ്കില്‍ മന്‍മോഹന്‍സിങ്ങിന് ഇനി, ചെയ്യാവുന്ന പരിഹാരങ്ങളെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ദരിദ്രരെപ്പറ്റിയും അവരുടെ ക്ഷേമത്തെപ്പറ്റിയും ആലോചിക്കാന്‍ ഭരണകൂടത്തിന് കഴിയണം. മുതലാളിത്ത ശൈലി കൈയൊഴിയാനും സ്വദേശി സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനും സാധിക്കണം. പക്ഷേ, അത് നടക്കുമോ? താന്‍ 20 വര്‍ഷമായി ചെയ്തുവന്ന സമ്പ്രദായങ്ങള്‍ തിരുത്താന്‍ മന്‍മോഹന്‍സിങ് സന്നദ്ധനാകുമോ? ചൂഷണങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പു നടത്തുന്നതിന്റെ പേരില്‍ സ്വന്തം ജനതയോട് യുദ്ധം ചെയ്യാന്‍ പഠിപ്പിച്ച നവ യജമാനന്മാരെ തള്ളിപ്പറയുമോ? സമ്പത്ത് സൃഷ്ടിച്ചെടുക്കുമ്പോലെ പ്രധാനമാണ് അത് ന്യായമായി വിതരണം ചെയ്യലെന്ന പ്രാഥമിക തത്ത്വം അംഗീകരിച്ച സ്ഥിതിക്ക് അതനുസരിച്ചുള്ള അനന്തര നടപടികളിലേക്ക് കടക്കാന്‍ പ്രധാനമന്ത്രി തയാറാകുമോ?

Reported by Madhyamam
28th August 2010 09:30:03 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS