Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
തുഴക്കരുത്തില്‍ ടൂറിസം പദ്ധതി

ആലപ്പുഴയെ സുസ്ഥിര ടൂറിസം കേന്ദ്രമാക്കി വളര്‍ത്തിയെടുക്കാന്‍ ശാസ്ത്രീയമായ മാസ്റ്റര്‍ പ്ളാന്‍ വേണമെന്നു പറയാന്‍ ഒടുവില്‍ രാഷ്ട്രപതി തന്നെ വേണ്ടിവന്നു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്നും അതിനു ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തുക വകയിരുത്തണമെന്നും രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ നിര്‍ദേശിച്ചിരിക്കുന്നു.

ഈ നിര്‍ദേശം ഏറ്റെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ക്കേണ്ടിയിരിക്കുന്നു. വേമ്പനാടന്‍ സൌന്ദര്യത്തിന്റെ മാറ്റു തിരിച്ചറിഞ്ഞുകൊണ്ടുള്ള നിര്‍ദേശം നാം ഗൌരവത്തോടെ കാണണം. നെഹ്റു ട്രോഫി ജലോല്‍സവം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി വള്ളംകളി നടത്തിപ്പില്‍ ഇപ്പോഴും തുടരുന്ന ബാലാരിഷ്ട തിരിച്ചറിഞ്ഞുവെന്നും കരുതണം.

നാട്ടിന്‍പുറങ്ങളില്‍   കുട്ടികള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബുകളുടെ പേരില്‍ നടത്തുന്ന കൊച്ചുകൊച്ചു പരിപാടികളുടെ നടത്തിപ്പിലെന്നപോലെ കുറ്റങ്ങളും കുറവുമേറെയാണ് നെഹ്റു ട്രോഫി ജലോല്‍സവത്തിന്റെ സംഘാടനത്തില്‍. വിദേശികളെത്തുന്നുണ്ടെങ്കിലും ജലോല്‍സവം കേവലം പ്രാദേശിക മേളയായി തുടരുന്നു. കുറ്റം ജനങ്ങളുടേതല്ല. മേളയുടെ സൌന്ദര്യം രാജ്യാന്തര തലത്തിലെത്തിക്കാന്‍ അധികൃതര്‍ വേണ്ടത്ര വിജയിക്കാത്തതാണു കാരണം.

മേളയ്ക്കു സ്പോണ്‍സറെ സംഘടിപ്പിക്കാന്‍ അവസാന ദിവസം വരെ ഓടിനടക്കുന്ന കാഴ്ച ഇത്തവണയും ആവര്‍ത്തിച്ചു. ഒടുവില്‍ തുച്ഛമായ തുകയ്ക്ക് ആര്‍ക്കെങ്കിലും സ്പോണ്‍സര്‍ഷിപ് നല്‍കി മേള തട്ടിക്കൂട്ടുകയാണ്. ചുണ്ടന്‍വള്ളങ്ങള്‍ ഏറ്റെടുത്ത തുഴച്ചില്‍ ക്ളബ്ബുകള്‍ കോടികള്‍    വരെ ചെലവാക്കി മേളയ്ക്കെത്തുന്ന ശ്രദ്ധേയമായ മാറ്റം നെഹ്റു ട്രോഫി ജലോല്‍സവത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നു.

ഒരു തുഴച്ചില്‍ ക്ളബ് പലരില്‍ നിന്നു സമാഹരിച്ച മൂന്നുകോടി രൂപ വരെ ചെലവാക്കിയത്രേ. ക്ളബ്ബുകള്‍ ഇത്രയും വാശിയോടെ തുഴയാനെത്തുമ്പോള്‍ മത്സരം നിലവാരത്തോടെ സംഘടിപ്പിക്കാന്‍ കഴിയുന്നില്ല. തുഴച്ചില്‍ ക്ളബ്ബിനും തുഴച്ചില്‍കാര്‍ക്കും നല്ല പ്രതിഫലം കിട്ടിയേ തീരൂ. കൂലിപ്പണി ഉപേക്ഷിച്ചു തുഴയാനെത്തുന്ന കുട്ടനാടന്‍ കരുത്തിനെ സംരക്ഷിക്കാനുള്ള ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരും.

പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു കയ്യൊപ്പിട്ടു നല്‍കിയ ട്രോഫിക്കു വേണ്ടി രാജ്യത്ത് അരങ്ങേറുന്ന ഏക മത്സരമാണ് ഈ വള്ളംകളി. ഈ മേളയ്ക്കു കേന്ദ്രസര്‍ക്കാര്‍ എല്ലാവര്‍ഷവും ബജറ്റില്‍ ഫണ്ട് വകയിരുത്തേണ്ടിയിരിക്കുന്നു. വള്ളംകളി കായിക ഇനമായി പ്രഖ്യാപിച്ചെങ്കിലും നെഹ്റു ട്രോഫി വള്ളംകളിക്ക് ഇന്നും കായികമത്സരത്തിന്റെ ചട്ടങ്ങളൊന്നും ബാധകമാക്കിയിട്ടില്ല. അതിനുള്ള നിര്‍ദേശങ്ങളൊക്കെ കടലാസിലൊതുങ്ങുന്നു.

കായല്‍ സൌന്ദര്യവുമായി ഒരുങ്ങിനില്‍ക്കുന്ന ആലപ്പുഴയ്ക്കു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമ്പോള്‍, നെഹ്റു ട്രോഫി ജലോല്‍സവവുമായി ബന്ധപ്പെടുത്തി വേണം അതിന്റെ എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കേണ്ടത്. വള്ളംകളി നടക്കുന്ന പുന്നമടയില്‍ രാജ്യാന്തര നിലവാരത്തിലുള്ള പവിലിയന്‍ വേണമെന്ന ആവശ്യത്തിനു പ്രഥമ പരിഗണന നല്‍കണം. വള്ളംകളികളുടെ കലണ്ടര്‍ തയാറാക്കി അതു വിദേശ രാജ്യങ്ങളില്‍ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. ഒപ്പം, ജില്ലയില്‍ അടിസ്ഥാന വികസനം ത്വരിതഗതിയില്‍ നടപ്പാക്കുകയും വേണം.

വിനോദസഞ്ചാരികളെ ദിവസങ്ങളോളം ഇവിടെ തങ്ങാന്‍ പ്രേരിപ്പിക്കുന്ന ആസൂത്രിത പദ്ധതികളുടെ അഭാവമാണു കായല്‍ ടൂറിസം രംഗത്തെ പ്രധാന വീഴ്ച. ചെറുതും വലുതുമായ ജലോല്‍സവങ്ങള്‍, ആലപ്പുഴ കടല്‍ത്തീരത്ത് എല്ലാവര്‍ഷവും അരങ്ങേറുന്ന ബീച്ച് ഫെസ്റ്റിവല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രദേശങ്ങളുടെ ടൂറിസം വികസനവും പ്രചാരണവും മാസ്റ്റര്‍ പ്ളാനിന്റെ ഭാഗമാകണം.

ജില്ലയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍, പാതിരാമണല്‍ ദ്വീപു പോലെയുള്ള കേന്ദ്രങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തി സര്‍ക്യൂട്ട് പദ്ധതിയും നടപ്പാക്കാവുന്നതാണ്. രാവിലെ ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരി അന്നു വൈകിട്ടോ പിറ്റേന്നു രാവിലെയോ ഹൌസ് ബോട്ട് യാത്ര കഴിഞ്ഞു ജില്ല വിടുകയാണു പതിവ്. ജില്ലയില്‍ മറ്റെങ്ങും വിനോദസഞ്ചാരിയെ കൊണ്ടുപോകാന്‍ നിലവില്‍ പദ്ധതികളില്ല.

മലിനീകരണമാണു വേമ്പനാടു കായലും അതില്‍ വന്നുചേരുന്ന നദികളും ഉള്‍പ്പെട്ട കുട്ടനാടന്‍ മേഖലയുടെ വന്‍ ഭീഷണി. പമ്പാ ശുചീകരണ പദ്ധതിക്കു കേന്ദ്രം കോടികള്‍ ലഭ്യമാക്കിയിട്ടും ഇക്കാര്യത്തില്‍ മുന്നേറാത്ത സംസ്ഥാനം ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന മേഖലകള്‍ വിനോദസഞ്ചാരികള്‍ ഒഴിവാക്കുമെന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ.

വേമ്പനാട്ടു കായലിലെ ദ്വീപുകളിലെവിടെയെങ്കിലും റിവോള്‍വിങ് റസ്റ്ററന്റ്, ഉല്ലാസ കേന്ദ്രങ്ങള്‍, കുട്ടനാടിന്റെ കാര്‍ഷിക സമൃദ്ധിയുടെ കഥ പറയുന്ന ചരിത്ര മ്യൂസിയം തുടങ്ങിയവയും ആലോചിക്കേണ്ടതാണ്. കുട്ടനാടിന്റെ ഉള്‍ത്തടങ്ങളിലേക്കു വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഫാം ടൂറിസത്തിനും പ്രാധാന്യമേറെയുണ്ട്. ടൂറിസ്റ്റുകള്‍ക്കു കായലില്‍ നിന്നു മീന്‍ പിടിക്കാനും അവ പാചകം ചെയ്തു ഭക്ഷിക്കാനുമുള്ള സൌകര്യങ്ങള്‍ കായലോരങ്ങളില്‍ ഏര്‍പ്പെടുത്തണം.

കരിമീനിനു പ്രത്യേക ബ്രാന്‍ഡ് പദവി ലഭിച്ചിട്ടുള്ളതിനാല്‍ കരിമീന്‍ വളര്‍ത്തലിന്റെ പ്രോത്സാഹനത്തിനും അതിലൂടെ വരുമാനം ഉണ്ടാക്കുന്നതിനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. രാഷ്ട്രപതി മുന്നോട്ടുവച്ച സമഗ്ര - സുസ്ഥിര വികസന പാക്കേജ് യാഥാര്‍ഥ്യമാകാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Reported by Manorama
27th August 2010 09:47:51 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS