Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
പൊങ്ങച്ചത്തിന്റെ കേരള മോഡല്‍

സാമൂഹികക്ഷേമ സൂചികകളിലെ കേരളത്തിന്റെ മികവ് ലോകത്തിനു മാതൃകയാണെന്നു സ്ഥാപിക്കാന്‍ എഴുപതുകളില്‍ അവതരിപ്പിച്ച പദപ്രയോഗമാണു കേരള മോഡല്‍. ഇടതുപക്ഷത്തിന്റെ സൃഷ്ടിയാണ് ഇതെന്നു സ്ഥാപിക്കാനും ചില വിദഗ്ധര്‍ ശ്രമം നടത്തി. എന്നാല്‍ ഉല്‍പാദനരംഗത്തു നേട്ടമുണ്ടാക്കാതെ, ക്ഷേമരംഗത്തു മാത്രം ശ്രദ്ധപതിപ്പിക്കുന്ന വികസന മോഡല്‍ സ്ഥായിയല്ലെന്നതാണു കേരള മോഡലിന്റെ ഇന്നത്തെ അവസ്ഥ തെളിയിക്കുന്നത്. ഫലത്തില്‍ പൊങ്ങച്ചം പറയലിന്റെ ഒരു മോഡല്‍ മാത്രമായി ഇതു മാറിയിരിക്കുന്നു.

യഥാര്‍ഥത്തില്‍ സാമൂഹികക്ഷേമ രംഗത്തെ വളര്‍ച്ചയ്ക്കുള്ള അടിത്തറ സ്വാതന്ത്യ്രത്തിനു മുന്‍പേ ഇവിടെ പാകിക്കഴിഞ്ഞിരുന്നു. സ്ത്രീവിദ്യാഭ്യാസം, സൌജന്യചികില്‍സ, സാമൂഹിക  നവോത്ഥാനം ഇതെല്ലാമാണ് എഴുപതുകള്‍ വരെ സാമൂഹികക്ഷേമത്തിനു കോവണിപ്പടികളായത്. ചില പ്രമുഖ വ്യവസായങ്ങളും റയില്‍പ്പാതകളും തുറമുഖവുമെല്ലാം കേരളത്തില്‍ സ്വാതന്ത്യ്രത്തിനു മുന്‍പേ ഉണ്ടായി. അനുകൂലമായ കാലാവസ്ഥയും മണ്ണിന്റെ ഫലഭൂയിഷ്ഠതയും നമുക്കു ലഭിച്ച മറ്റൊരു അനുഗ്രഹം. ഉന്നത വിദ്യാഭ്യാസത്തിലും നാം മുന്നിലായിരുന്നു. എന്നിട്ടും ഈ അടിത്തറയില്‍ നിന്നു കുതിച്ചുയരാന്‍ കഴിഞ്ഞില്ല എന്നതു കേരള മോഡലിന്റെ പരാജയമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.

സാമൂഹികക്ഷേമ നടപടികള്‍ നിലനിര്‍ത്തണമെങ്കില്‍പ്പോലും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുടെ പിന്‍ബലം വേണ്ടിവരുമെന്ന യാഥാര്‍ഥ്യം നമ്മുടെ ഭരണകര്‍ത്താക്കള്‍ പരിഗണിച്ചില്ല. ഫലമോ, സാമൂഹിക സേവനങ്ങളുടെ ഗുണമേന്മ    ചോര്‍ന്നുപോയി. റോഡും മറ്റ് അടിസ്ഥാന സൌകര്യങ്ങളും വേണ്ടത്ര വികസിച്ചില്ല. കാര്‍ഷിക മേഖലയുടെ പച്ചപ്പു കുറെയെങ്കിലും വാടാതെ നിന്നെങ്കില്‍ അതിന്റെ ബഹുമതി കര്‍ഷകര്‍ക്കു മാത്രമാണ്. വിദ്യാഭ്യാസ സൌകര്യങ്ങള്‍ പെരുകിയെങ്കിലും നിലവാരം തകര്‍ന്നു. എഴുപതുകളില്‍ ഇലക്ട്രോണിക് വ്യവസായ വിപ്ളവത്തില്‍ തുടക്കക്കാരായിരുന്ന കേരളത്തെ അയല്‍ സംസ്ഥാനങ്ങള്‍ പിന്നീടു പിന്നിലാക്കി. ഭൂപരിഷ്കരണം സാമൂഹികക്രമത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിച്ചുവെങ്കിലും തുണ്ടുഭൂമികള്‍ ഒരു കാര്‍ഷിക വിപ്ളവത്തെ അസാധ്യമാക്കി. തൊഴില്‍ രംഗത്തെ അനാശാസ്യ പ്രവണതകളും കൊല്ലുംകൊലയുമായുള്ള മാഫിയ സംസ്കാരവുമെല്ലാം ഭയാനകമായ ജീവിതമാണു മലയാളിക്കു നല്‍കുന്നത്.

ഇന്നത്തെയോ നാളത്തെയോ വെല്ലുവിളികള്‍ സ്വീകരിക്കാതെ ഭൂതകാലത്തോടു നിഴല്‍യുദ്ധം നടത്തുന്ന, പുതിയ ആശയങ്ങളോടു മുഖംതിരിക്കുന്ന, കാലഹരണപ്പെട്ട ആശയങ്ങളുടെ ഉരകല്ലില്‍ എല്ലാം മാറ്റുരയ്ക്കുന്ന നമ്മുടെ ഇടതും വലതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളല്ലേ കേരളത്തെ നഷ്ടവസന്തങ്ങളുടെ നാടാക്കിയത്! കേരള മോഡല്‍ എങ്ങനെ കാലത്തിനനുസരിച്ച് അഴിച്ചുപണിയാമെന്നതിനെക്കുറിച്ചു മനോരമ അവതരിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത സാമ്പത്തിക ശാസ്ത്രജ്ഞരും ആസൂത്രണ വിദഗ്ധരും കാഴ്ചപ്പാടുകളില്‍ വൈവിധ്യം പ്രകടിപ്പിച്ചതു സ്വാഭാവികമെങ്കിലും രാഷ്ട്രീയക്കാര്‍ക്കും സമൂഹത്തിനും അവര്‍ മാര്‍ഗദര്‍ശനം നല്‍കുന്നുണ്ട്.

പുതിയ ലോക സാമ്പത്തിക ക്രമവുമായി പൊരുത്തപ്പെട്ടുകൊണ്ടു വന്‍തോതില്‍ നിക്ഷേപത്തിനു വഴിയൊരുക്കുകയാണു കേരളത്തിന്റെ ഇന്നത്തെ ആവശ്യം. ഗള്‍ഫ് പണമുണ്ടായിട്ടും അതു നേരാംവണ്ണം വികസനത്തിന്റെ ചാലുകളിലേക്ക് ഒഴുക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ആ നിലയ്ക്കു ഭരണ, മാനേജ്മെന്റ് വൈദഗ്ധ്യവും കൂടി കേരളം സ്വായത്തമാക്കണം. നമ്മുടെ സാമൂഹികക്ഷേമ മേഖലകളില്‍ വന്‍ മുതല്‍മുടക്ക് ഉണ്ടായാലേ അവയുടെ നിലവാരം ഉയരുകയുള്ളൂ. വിദ്യാഭ്യാസത്തിന്റെ നിലവാരവും വളരെ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മൂല്യവര്‍ധനയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്കൃതിയുടെ നിര്‍മാണത്തില്‍ ട്രാക്ടര്‍ വിരോധം പോലുള്ള നിഷേധാത്മക ശൈലി തടസ്സം സൃഷ്ടിക്കരുത്.

ബന്ദും ഹര്‍ത്താലും അലട്ടാതെ വ്യവസായവും കച്ചവടവും ഇവിടെ നടക്കട്ടെ. പൊതുമേഖലയോടുള്ള അമിതാരാധനയും സ്വകാര്യമേഖലയോടുള്ള അന്ധമായ വിരോധവും ഉപേക്ഷിച്ച് രണ്ടും ഒരുപോലെ വളരാനുള്ള സാഹചര്യം ഒരുക്കുകയാണു രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടത്. ഇടുങ്ങിയ മനസ്സുകള്‍ അടിസ്ഥാനസൌകര്യ വികസനത്തെയും കുടുക്കിലാക്കരുത്. അങ്ങനെ പ്രത്യയശാസ്ത്രങ്ങളില്‍ ഞെരുങ്ങാതെ, ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയര്‍ത്തുന്ന ഒരു വികസന പരിപാടിക്കാണു കേരളം കാത്തിരിക്കുന്നത്.

Reported by Manorama
26th August 2010 09:50:06 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS