Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കാലത്തിനൊത്ത ക്രമസമാധാന പാലനത്തിനായി

പൗരന്മാരുടെ കൂട്ടായ്മയുടെ ക്രമവും സമാധാനവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുക എന്ന മഹത്തായ ദൗത്യം നിര്‍വഹിക്കാന്‍ ചുമതലപ്പെട്ട വിഭാഗം എന്നാണല്ലോ പൊലീസ് എന്ന സംജ്ഞ അര്‍ഥമാക്കുന്നത്. മലയാളമടക്കമുള്ള വിവിധ  പ്രാദേശിക ഭാഷകള്‍ അതേപടി പകര്‍ത്തിയ ഈ വാക്കിലെ ഓരോ അക്ഷരവും വിവിധ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി (തമാശയാണെങ്കില്‍ പോലും) ജനറല്‍നോളജിന്റെ പാഠാവലിയില്‍ കാണാം.  അതെന്തുമാകട്ടെ, അത്തരം ഉന്നത മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ ഏറെ ബാധ്യതപ്പെട്ടവരാണ്  അവര്‍ എന്ന കാര്യത്തില്‍ സംശയമില്ല. അത്രമാത്രം സങ്കീര്‍ണവും സ്ഫടികസമാനവുമായ മേഖലയിലാണ് വ്യവഹരിക്കുന്നത് എന്നതുതന്നെ കാരണം. പക്ഷേ, അനുഭവം ഈ സങ്കല്‍പത്തെ സാധൂകരിക്കുന്നില്ല എന്നുമാത്രമല്ല, അവരെക്കുറിച്ചുള്ള പൊതുധാരണ വളരെ വികലവുമാണെന്ന് പ്രത്യേകം പറയാതെ തന്നെ പിടികിട്ടും. വിനയത്തിന്റെ സ്ഥാനത്ത് ക്രൗര്യം, നീതിനിഷ്ഠക്ക് പകരം നീതിനിഷേധം, ബുദ്ധിശക്തി പ്രയോഗിക്കേണ്ടിടത്ത് കൈക്കരുത്തിന്റെ ഭാഷ - അങ്ങനെ പോകുന്നു അക്ഷരമാലാ ക്രമത്തിന്റെ വിശേഷണങ്ങളുടെ തലകുത്തിനില്‍പ്. പൊലീസ് സേന മൊത്തം മോശമാണെന്നോ തീര്‍ത്തും ദുഷിച്ചുപോയെന്നോ അല്ല ഇതിനര്‍ഥം. അവരിലെ തങ്കത്തിളക്കമുള്ളവരെയും അവരുള്‍ക്കൊള്ളുന്ന ഒട്ടും ചെറുതല്ലാത്ത വ്യൂഹത്തെയും ഒരിക്കലും വില കുറച്ചു കണ്ടുകൂടാ. മാത്രമല്ല, അവരാണ് താളപ്പൊരുത്തമുള്ള സാമൂഹിക ജീവിതത്തിന് മുതല്‍ക്കൂട്ടാവുന്നത് എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. പക്ഷേ, പൊലീസ് എന്ന വാക്ക് കേള്‍ക്കുന്ന മാത്രയില്‍ സമൂഹ മനസ്സില്‍ രൂപപ്പെടുന്ന ചിത്രം എന്തെന്ന് ചൂണ്ടിക്കാട്ടിയെന്നു മാത്രം.

എന്തൊക്കെപ്പറഞ്ഞാലും ജനസൗഹൃദമാകാന്‍ ഈ കാക്കിക്കുപ്പായക്കാര്‍ക്കോ അവരെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പൊതുജനത്തിനോ കഴിഞ്ഞിട്ടില്ല  എന്നുമാത്രമല്ല, നാളുകള്‍ കഴിയുംതോറും അവിശ്വാസം കൂടിക്കൂടിവരുന്നേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കെ.ടി. തോമസ് കമീഷന്റെ പൊലീസ് പരിഷ്‌കരണ റിപ്പോര്‍ട്ട് ചര്‍ച്ചാ വിഷയമാവുന്നത്; ആവേണ്ടതും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിപ്ലവകരം തന്നെ ആ റിപ്പോര്‍ട്ട്. അത്രമാത്രം കാതലായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും നിര്‍ദേശിക്കുന്നുണ്ട് പ്രസ്തുത കമീഷന്‍. അതെല്ലാം നടപ്പാകുമെങ്കില്‍  പൊലീസ് എന്ന കാവല്‍ഭടന്മാരുടെ മനസ്സും മുഖവും ജനഹിതായ മാറുമെന്ന കാര്യത്തില്‍ അശുഭാപ്തി പുലര്‍ത്താന്‍ ന്യായം കാണുന്നില്ല. പക്ഷേ, പറഞ്ഞിട്ടെന്ത്, ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുമ്പോള്‍ മറ്റ് പല കമീഷന്‍ റിപ്പോര്‍ട്ടുകള്‍ക്കും വന്നുപെട്ട ഗതിപോലെ ഇതും 'ഉപ്പുഭരണി'യില്‍ സൂക്ഷിക്കാനോ ഏറെ 'വെള്ളം ചേര്‍ത്ത്' നടപ്പാക്കാനോ ആണ് സാധ്യത. അത്രമാത്രം 'ഇഞ്ചികടിച്ച കുരങ്ങന്റെ' പരുവത്തിലാണ് ഉത്തരവാദപ്പെട്ടവര്‍ എന്നാണ് മനസ്സിലാവുന്നത്. റിപ്പോര്‍ട്ടിന്റെ കാതലായ നിര്‍ദേശങ്ങളോട് യോജിക്കാന്‍ ഒരു സംസ്ഥാനത്തിനും സന്മനസ്സ് വന്നില്ല എന്നതുതന്നെ മതി ഇതിന്റെ ഭാവി പ്രവചിക്കാന്‍. ഭരിക്കുന്നവന്റെ കൈയിലെ ചട്ടുകം എന്നതിനപ്പുറത്ത് സ്വതന്ത്രമായ അസ്തിത്വം പൊലീസിന് എന്നോ നഷ്ടപ്പെട്ടുകഴിഞ്ഞു. അഥവാ ഒരിക്കലും ഉണ്ടായിട്ടില്ല എന്നതാണ് നേര്. സ്വാതന്ത്ര്യം കിട്ടി ആറ് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിട്ടും പുറംനാട്ടുകാരനായ സായ്പിന്റെ കേവല മര്‍ദനോപാധി എന്ന സമീപനം മാറ്റാന്‍ അന്നാട്ടുകാര്‍ക്കും മനസ്സുവന്നില്ല എന്നതോ പോകട്ടെ, തങ്ങള്‍ക്കുവേണ്ടതും അതുതന്നെ എന്നല്ലേ ഉള്ളിലിരിപ്പ്. തങ്ങളുടെ കരവലയത്തില്‍നിന്ന് പൊലീസ് രക്ഷപ്പെട്ടാല്‍ പിന്നെ ഭരണം എന്തു മണ്ണാങ്കട്ട? ആ കസേരക്കുണ്ടോ വല്ല സുഖവും എന്നാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ചിന്തിക്കുന്നത്.

ശരിയാണ്, പിന്നെയെങ്ങനെ ഇഷ്ടമില്ലാത്തവന്റെയൊക്കെ ആടിനെ പട്ടിയാക്കി കല്ലെറിഞ്ഞുകൊല്ലും -നേരെ തിരിച്ചും. ഈ ചട്ടുകത്തിന്റെ പേരാണ് ഭരണകൂട ഭീകരത എന്നത്. ആ ഭീകരതയാണ് പൊലീസിനെക്കുറിച്ച് തികച്ചും നിഷേധാത്മകമായ ധാരണ സമൂഹത്തില്‍ പടര്‍ത്തിയതും. അതിന്റെ പൂര്‍ണ ഉത്തരവാദിത്തമാകട്ടെ അധികാരം എന്നതിന് പ്രജാക്ഷേമം എന്നതിനപ്പുറം അഹിതന്മാരെ അടിച്ചൊതുക്കുക എന്ന വ്യാഖ്യാനം കണ്ടെത്തിയ ഭരണകര്‍ത്താക്കള്‍ക്കും പാര്‍ട്ടികള്‍ക്കും അവകാശപ്പെട്ടതും. ഈ ജനാധിപത്യ വിരുദ്ധ ദുഷിപ്പില്‍നിന്ന് ഏറെ ഉത്തരവാദിത്തം പേറുന്ന ഒരു വിഭാഗത്തെ സ്ഫുടം ചെയ്‌തെടുക്കാനും അതിന്റെ സദ്ഫലം സമൂഹത്തിന് മൊത്തം അനുഭവിക്കാനുമുള്ള ചുവടുവെപ്പുകളായിരുന്നു തോമസ് കമീഷന്‍ റിപ്പോര്‍ട്ട്. ഇത് അട്ടിമറിക്കപ്പെടുന്നതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട ബാധ്യത ജനങ്ങളുടേതാണ്. കാരണം അവരാണ് പൊലീസിനെ തീറ്റിപ്പോറ്റുന്നത്. പകരം നീതിയും സമാധാനവും ഉറപ്പാക്കുമെന്ന പ്രതീക്ഷയോടെ. ആ പ്രതീക്ഷ തകര്‍ന്നുകൂടാ.യഥാവിധി പുലരുക തന്നെ വേണം.

Reported by Madhyamam
26th August 2010 09:47:34 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS