Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
സിംഹള മടയില്‍ ഇന്ത്യ വീണ്ടും വീണു
 
ഡാംബുല്ല: ലങ്കന്‍ മടയില്‍ ഇന്ത്യ വീണ്ടും വീണു. മൂന്നു മാസം മുമ്പ് സ്വന്തം തട്ടകത്തില്‍ ഏഷ്യാ കപ്പ് കൈവിട്ടതിന്റെ ദോഷം തീര്‍ത്ത ശ്രീലങ്ക ഫൈനലില്‍ 74 റണ്‍സ് വിജയവുമായി ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം മാറോട് ചേര്‍ത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ഓപണര്‍ തിലകരത്‌നെ ദില്‍ഷന്റെ (110) ശതക നിറവില്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 299 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ വെല്ലുവിളി 46.5 ഓവറില്‍ 225 റണ്‍സിന് അവസാനിച്ചു. ദിശാബോധമില്ലാതെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ദില്‍ഷനും സങ്കക്കാരക്കും (71) നിര്‍ലോഭം റണ്ണനുവദിച്ചപ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ചു തുടങ്ങിയ മധ്യനിരക്കാര്‍ അമിതാവേശം കാട്ടി വിക്കറ്റ് തുലച്ചു പരാജയത്തിലേക്ക് കൂപ്പുകുത്തി. തകര്‍ച്ചക്കിടയില്‍ ഒരറ്റത്ത് തളരാതെ പൊരുതിയ ക്യാപ്റ്റന്‍ ധോണിയുടെ 67 ചെറുത്തുനില്‍പ്പാണ് തോല്‍വിയുടെ ഭാരം കുറച്ചത്. രാത്രിവെളിച്ചത്തില്‍ ദുഷ്‌കരമായ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ തുടക്കം ഒരിക്കല്‍ കൂടി ഞെട്ടിക്കുന്നതായിരുന്നു. പരമ്പരയിലുടനീളം ബാറ്റിങ് മറന്നിട്ടും പാഡുകെട്ടാനവസരം ലഭിച്ച ദിനേശ് കാര്‍ത്തിക് അക്കം കുറിക്കും മുമ്പേ മടങ്ങി. ആദ്യ നാലുപന്തുകളില്‍ ഒമ്പത് റണെ്ണടുത്ത സെവാഗിന്റെ വീര്യം ചോര്‍ത്തിയ കാര്‍ത്തിക് മലിങ്കയുടെ പന്തില്‍ സങ്കക്കാരക്ക് പിടികൊടുക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണായ സെവാഗിന് സ്ഥാനക്കയറ്റവുമായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി പറ്റിയ കൂട്ടാവുമെന്ന് തോന്നിയപ്പോഴാണ് മറ്റൊരു ദുരന്തം. ഇല്ലാത്ത റണ്ണിന് ക്രീസ് വിട്ട സെവാഗിനെ (28) ഉന്നം പിഴക്കാത്ത ഏറില്‍ കപുഗദേര വീഴ്ത്തി. ആറാം ഓവറില്‍ സെവാഗ് മടങ്ങിയശേഷം വന്ന യുവരാജ്‌സിങ്ങും പ്രതീക്ഷയുടെ വെള്ളിവെളിച്ചം വിതറിയെങ്കിലും ഏറെനേരം നിന്നില്ല. മൂന്നാം വിക്കറ്റിന് കോഹ്‌ലിക്കൊപ്പം 50 റണ്‍സ് തികച്ച യുവരാജ് (26) അനാവശ്യധൃതികാണിച്ച് തിസാരപെരേരയുടെ ആദ്യ ഇരയായി മടങ്ങി. അടുത്ത ഊഴം കോഹ്‌ലിയുടേതായിരുന്നു. ക്രീസില്‍ ഉറച്ചുനില്‍ക്കാനെത്തിയ ധോണിയെ നിരാശനാക്കി കോഹ്‌ലിയും (37) കിട്ടിയ മികച്ച തുടക്കം തുലച്ചു. ഇത്തവണയും പെരേരയാണ് ദുരന്തം വിധിച്ചത്. മുമ്പെ മടങ്ങിയവരുടെ പാതയില്‍ സുരേഷ് റെയ്‌നയും നന്നായി തുടങ്ങി. ലങ്കന്‍ നിരയില്‍ ഭീതിപരത്തിയ ധോണിക്കൊപ്പം ചേര്‍ന്ന റെയ്‌നയും അമിതാവേശം കാട്ടി മടങ്ങി. 28 പന്തില്‍ 22 റണ്‍സെടുത്ത റെയ്‌നയെ രണ്‍ദീവിന്റെ പന്തില്‍ ദില്‍ഷന്‍ പിടിക്കുകയായിരുന്നു.

ടീമില്‍ തിരിച്ചെത്താന്‍ ഒരിക്കല്‍ കൂടി അവസരം ലഭിച്ച രോഹിത്ശര്‍മ ഏറെ പിന്നിലായിട്ട് വന്നിട്ടും അക്കം കുറിക്കാനായില്ല. പ്രവീണിന്റെ ചെറുത്തുനില്‍പ് 14 റണ്‍സിലൊതുങ്ങി. പിന്നെ ഇശാന്തി നും നെഹ്‌റക്കും പട്ടേലിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവില്‍ 100 പന്തില്‍ 67 റണ്‍സുമായി ധോണി കീഴടങ്ങിയതോടെ ഇന്ത്യയുടെ പരാജയം പൂര്‍ത്തിയായി. നേരത്തെ ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ സങ്കക്കാരയുടെ കണക്കു കൂട്ടലിനൊത്ത് ഓപണര്‍മാരായ ദില്‍ഷനും ജയവര്‍ധനെയും ടീമിന് ഉജ്ജ്വലമായ തുടക്കം നല്‍കി. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ചുരുട്ടിക്കെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുനേരെ തുടക്കത്തില്‍ ശ്രദ്ധിച്ച ഇരുവരും തുടര്‍ന്നങ്ങോട്ട് ഫീല്‍ഡില്‍ തുടരെ പഴുതുകള്‍ കണ്ടെത്തുകയായിരുന്നു. വിശ്വാസം തകര്‍ന്ന ബാറ്റിങ് നിരയില്‍ അധികമൊരാളെ കണ്ടെത്താന്‍ നാല് സീം ബൗളര്‍മാരില്‍ തൃപ്തിപ്പെട്ട ധോണിയെ അസ്വസ്ഥനാക്കി ഇരുവരും സ്‌കോര്‍ ദ്രുതഗതിയില്‍ ചലിപ്പിച്ചു.

ദിശയറിഞ്ഞു പന്തെറിയാനാവാതെ പോയ മുനാഫും നെഹ്‌റയും ഇശാന്തുമൊക്കെ നിര്‍ലോഭം റണ്‍വിട്ടുകൊടുത്തതോടെ ലങ്കക്ക് പരമ്പരയിലെ മികച്ച ഓപണിങ് കൂട്ടുകെട്ട് ഏളുപ്പമായി. ഇടക്ക് ഫീല്‍ഡില്‍ മുനാഫുമായി കൂട്ടിയിടിച്ച് ദില്‍ഷന്‍ കൊമ്പുകോര്‍ത്തെങ്കിലും ബാറ്റിങ്ങിലെ താളം കൈവിടാതെ ക്രീസില്‍ തുടര്‍ന്നു. ആദ്യ വിക്കറ്റിന് 121 റണ്‍സ് ചേര്‍ത്തശേഷമാണ് 39 റണ്‍സുമായി പവലിയനിലേക്ക് മടങ്ങിയത്. ഇശാന്തിന്റെ പന്തില്‍ കാര്‍ത്തിക്ക് പിടിച്ചു മടങ്ങും മുമ്പെ ജയവര്‍ധനെ ഏകദിന ക്രിക്കറ്റില്‍ 9000 റണ്‍സും പിന്നിട്ടിരുന്നു. ജയസൂര്യക്കും (13,428) അരവിന്ദ ഡിസില്‍വക്കും(9824) ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് ജയവര്‍ധനെ.

ആദ്യ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ ഉപുല്‍ തരംഗയെ (6) യുവരാജ് വേഗത്തില്‍ ധോണിയുടെ കൈകളിലെത്തിച്ചെങ്കിലും നായകന്റെ റോള്‍ ഏറ്റെടുത്ത സങ്കക്കാര ദില്‍ഷന് ഉറച്ച പിന്തുണ നല്‍കി ഇന്നിങ്‌സിന് സ്ഥിരതയേകി. സ്വന്തം മണ്ണിലെ ആദ്യ ശതകം തികച്ച ദില്‍ഷനെ പ്രവീണ്‍കുമാര്‍ മടക്കിയയക്കുമ്പോള്‍ സ്‌കോര്‍ 40ാമത്തെ ഓവറില്‍ 217ലെത്തിയിരുന്നു. 115 പന്തില്‍ ഒരു ഡസന്‍ ബൗണ്ടറിയും ഒരു സിക്‌സുമടങ്ങിയതായിരുന്നു ദില്‍ഷന്റെ ഏകദിനത്തിലെ എട്ടാം സെഞ്ച്വറി.

സ്‌കോര്‍ ബോര്‍ഡ്

ശ്രീലങ്ക ജയവര്‍ധനെ സി കാര്‍ത്തിക് ബി ഇശാന്ത് 39, തിലകരത്‌നെ ദില്‍ഷാന്‍ സി. ഇശാന്ത് ബി പ്രവീണ്‍ 110, ഉപുല്‍ തരംഗ സി ധോണി ബി യുവരാജ് 6, സങ്കക്കാര സി രോഹിത് ശര്‍മ ബി മുനാഫ് 71, കപുഗദേര സി കാര്‍ത്തിക് ബി നെഹ്‌റ 12, ആഞ്ചലോ മാത്യൂസ് സി. രോഹിത്ശര്‍മ ബി ഇശാന്ത് 1, ചമര സില്‍വ നോട്ടൗട്ട് 26, പെരേറ സി ധോണി ബി മുനാഫ് 6, രണദീവ് റണ്ണൗട്ട് 4, കുലശേഖര നോട്ടൗട്ട് 0, എക്‌സ്ട്രാസ് 24, ആകെ 50 ഓവറില്‍ എട്ടുവിക്കറ്റിന് 299. വിക്കറ്റ് വീഴ്ച: 1-121, 2-132, 3-217, 4-242, 5-258, 6-261, 7-294, 8-298. ബൗളിങ്: പ്രവീണ്‍കുമാര്‍: 10-0-72-1 മുനാഫ് പട്ടേല്‍: 9-1-43-2 ആശിഷ് നെഹ്‌റ: 10-0-60-1 ഇശാന്ത് ശര്‍മ : 8-0-54-2 യുവരാജ്‌സിങ്: 8-0-37-1 സെവാഗ്: 5-0-21-0.

ഇന്ത്യ സെവാഗ് റണ്ണൗട്ട് 28, കാര്‍ത്തിക് സി. സങ്കക്കാര ബി. മലിങ്ക 0, വിരട് കോഹ്‌ലി സി. മാത്യൂസ് ബി പെരേര 37, യുവരാജ് സിങ് സി സങ്കക്കാര ബി പെരേര 26, എം.എസ്. ധോണി ബി രണ്‍ദീപ് 67, സുരേഷ്‌റെയ്‌ന സി. ദില്‍ഷന്‍ ബി രണ്‍ദീവ് 29, രോഹിത്ശര്‍മ സ്റ്റമ്പ്ഡ് സങ്കക്കാര ബി. രണ്‍ദീപ് 5, പ്രവീണ്‍ കുമാര്‍ ബി മലിങ്ക 14, ഇശാന്ത് ശര്‍മ ബി പെരേര 0, നെഹ്‌റ സി ബി മാത്യൂസ് 2, മുനാഫ് നോട്ടൗട്ട് 0. എക്‌സ്ട്രാസ് 17, ആകെ. 46.5 ഓവറില്‍ 225 ന് എല്ലാവരും പുറത്ത്. വിക്കറ്റ് വീഴ്ച: 1-9, 2-38, 3-88, 4-109, 5-158, 6-177, 7-201, 8-210, 9-224. ബൗളിങ്: മലിങ്ക: 9-0-49-2 കുലശേഖര: 9-0-47-0 മാത്യൂസ്: 10-0-48-1 പെരേര: 9-2-36-3 രണ്‍ദീവ്: 9.5-1-40-3

Reported by Madhyamam
29th August 2010 04:48:35 AM
 
 
Comments for this news
 
Name: jerryshehzad Date: 31st August 2010 01:04:04 AM
Comments: ബാദ് ലക്ക് ഫോര്‍
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations